നമസ്കാരം! ഞാൻ തസ്മു തേവു. എന്റെ ബ്ലോഗിലേയ്ക്ക് സ്വാഗതം!

Tuesday, 28 July 2015

എ.പി.ജെ അബ്ദുൽ ഖലാമിന് ആദരാഞ്ജലികൾ!

എ.പി.ജെ അബ്ദുൽ ഖലാമിന് ആദരാഞ്ജലികൾ!

ഇന്ത്യയുടെ മുൻരാഷ്ട്രപതിയും ശാസ്ത്രപ്രതിഭയുമായിരുന്ന സർവ്വാ‌ദരണീയനായ ശ്രീ. എ.പി.ജെ അബ്ദുൽ ഖലാം അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ!
 
(വിക്കി പീഡിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു)

ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാംഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു. 2015 ജൂലൈ 27 ന് ഷില്ലോങ്ങിൽ വച്ച് ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളിൽ കലാം ഉദ്യോഗസ്ഥനായിരുന്നു.  മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസ്സൈൽ മനുഷ്യൻ എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുൾകലാം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

2002 ൽ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, ഭാരതീയ ജനതാ പാർട്ടിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമാണ്.

2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ- 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ധൻ മാത്രമല്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയാണ്. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്ന ഒന്നാണ്. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.



ആദ്യകാല ജീവിതം, വിദ്യാഭ്യാസം

"സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ്"
—ആത്മകഥയായ അഗ്നിച്ചിറകുകളിൽ നിന്നും ഒരു വാചകം

ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തിൽ ജൈനലാബ്ദീന്റേയും, ആഷിയമ്മയുടേയും മകനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള വിശ്വാസിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, ധനുഷ്കോടി - രാമേശ്വരം യാത്രക്കുള്ള ബോട്ടുകൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു ചെയ്തിരുന്നത്. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. അബ്ദുൾ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീൻ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി സഞ്ചരിച്ചിരുന്ന ട്രെയിൻ അവിടെ നിറുത്താതിരുന്ന കാലത്തിൽ പത്രക്കെട്ടുകൾ വണ്ടിയിൽ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകൾ എടുത്തുകൂട്ടുന്നതിൽ അബ്ദുൾ കലാം ഷംസുദ്ദീനെ സഹായിച്ചിരുന്നു. ഈ സഹായത്തിന് ഷംസുദ്ദീൻ കലാമിന് ചെറിയ പാരിതോഷികം നൽകുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിൽ കാണാവുന്നതാണ്. ഇദ്ദേഹത്തിന്റെ സഹോദരന്റെ അപൂർ‌വകൌതുകവസ്തുക്കൾ വിൽക്കുന്ന കട ഇതിനോടുചേർന്നുതന്നെ കാണാം.

രാമനാഥപുരത്തെ സ്വാർട്ട്സ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീൻ ആയിരുന്നു ആ ഗ്രാമത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരിൽ ഒരാൾ. ജലാലുദ്ദീൻ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോടു പറയുമായിരുന്നു. കലാമിന്റെ വിദ്യാഭ്യാസത്തിൽ ജലാലുദ്ദീൻ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954 ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു. തന്റെ ബിരുദപഠനകാലത്തെക്കുറിച്ച് കലാമിനു തന്നെ പിന്നീട് മതിപ്പുണ്ടായിരുന്നില്ല. ആകാശങ്ങളിൽ പറക്കുക എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955 ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്തെ സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങളെ കലാം സൂക്ഷ്മതയോടെ ശ്രദ്ധിക്കുവാൻ തുടങ്ങി. ഒരു കൊല്ലത്തെ വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും ഒരു വിഷയം ഐഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐഛീകമായി കലാം തിരഞ്ഞെടുത്തത്.



ശാസ്ത്രജ്ഞൻ

1960 ൽ ബിരുദം നേടിയ ശേഷം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡിവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി കലാം ജോലിക്കു ചേർന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം. ഈ ഉദ്യോഗത്തിൽ കലാം പൂർണ്ണ സംതൃപ്തനല്ലായിരുന്നു. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ.വിക്രം സാരാഭായി നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി കലാമിന് ക്ഷണം ലഭിച്ചു. 1969ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇവിടെ വെച്ച് കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിർമ്മിക്കുന്ന സംഘത്തിന്റെ തലവനായി തീർന്നു. 1980 ൽ ഈ സംഘം നിർമ്മിച്ച എസ്.എൽ.വി III എന്ന ഉപഗ്രഹവിക്ഷേപണ വാഹനം, രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു വളരെയടുത്തുള്ള ഒരു ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ചു.

കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി അമേരിക്ക ഉൾപ്പടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. ടിപ്പു സുൽത്താൻ പീരങ്കി ഉപയോഗിച്ച് ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുന്ന ഒരു ചിത്രം നാസയിലെ ഒരു ഗവേഷണകേന്ദ്രത്തിൽ കണ്ടത് കലാം ഓർമ്മിക്കുന്നു. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു യോദ്ധാവിനെ മറ്റൊരു ഭൂഖണ്ഡത്തിന്റെ ഗവേഷണകേന്ദ്രത്തിൽ ആദരിക്കുന്നത് കലാം അതിശയത്തോടെ നോക്കി കാണുകയുണ്ടായി. ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി-III ന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ നിർമ്മാണത്തിലും ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു. ഈ രണ്ടു പദ്ധതികളും തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടു എങ്കിലും വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ പോളാർ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ.

ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ശ്രീമതി ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു . ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഐ.ജി.ഡി.പി ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചിലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവെച്ചു. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷൻ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തിൽ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ എന്ന ചുമതല കൂടിയുണ്ടായിരുന്നു. ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടന്നത് കലാമിന്റേയും അറ്റോമിക് എനർജി കമ്മീഷൻ പ്രസിഡന്റായിരുന്ന ഡോക്ടർ.ആർ.ചിദംബരത്തിന്റേയും മേൽനോട്ടത്തിലായിരുന്നു.

രാഷ്ട്രപതി

കെ.ആർ.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാപാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002 ൽ അന്നത്തെ ഭരണക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാവട്ടം പ്രതീക്ഷയുണ്ടായിരുന്ന കെ.ആർ.നാരായണൻ താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞു കലാമിനുള്ള വഴി സുഗമമാക്കി. ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ, കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.

രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.

രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിൻവലിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രണ്ടാംവട്ടം എത്തുന്ന കാര്യം പറയുമ്പോൾ, കലാമിന് മുൻനിര രാഷ്ട്രീയപാർട്ടികളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലായിരുന്നു. കലാമിന്റെ പിൻഗാമി, പ്രതിഭാ പാട്ടീലിന്റെ ഭരണകാലഘട്ടം അവസാനിക്കാറായ സമയത്ത്, കലാമിനെ വീണ്ടും ഈ സ്ഥാനത്തേക്ക് രാഷ്ട്രീയപാർട്ടികൾ പരിഗണിക്കുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നു. കലാം രാഷ്ട്രപതിയാവാൻ വീണ്ടും തയ്യാറാണെങ്കിൽ പിന്തുണ നൽകാൻ തയ്യാറാണെന്ന് രാഷ്ട്രീയപാർട്ടികൾ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും, ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താനിനിയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞുകൊണ്ട് കലാം തന്നെ രംഗത്തെത്തി.

Sunday, 26 July 2015

ജലമണ്ഡലം

ജലമണ്ഡലം

ഭൗമോപരിതലത്തിലെ സമുദ്രങ്ങള്‍, തടാകങ്ങള്‍,നദികള്‍ ഹിമാനികള്‍ എന്നിങ്ങനെയുള്ള ജല സ്രോതസ്സുകള്‍ ഉള്‍പ്പെടുന്നതാണ് 'ജലമണ്ഡലം'. അന്തരീക്ഷത്തില്‍ ബാഷ്പ്പാവസ്ഥയിലും ജലം നിലനില്‍ക്കുന്നുണ്ട്. ഭൂമിയുടെ ഇന്നത്തെ രീതിയിലുള്ള അന്തരീക്ഷം നിലനില്‍ക്കുന്നതില്‍ ജലമണ്ടലത്തിന് പ്രധാന പങ്കുണ്ട്. സമുദ്രങ്ങളാണ് ഇതില്‍ പ്രധാനം. ഭൂമി രൂപപ്പെടുമ്പോള്‍ അതിന് ഇന്നത്തെ ബുധന്റെ അന്തരീക്ഷത്തിന് സമാനമായ വളരെ കനം കുറഞ്ഞ ഹൈഡ്രജന്‍ -ഹീലിയം സംപുഷ്ടമായ അന്തരീക്ഷമേ ഉണ്ടായിരുന്നുള്ളു. പിന്നീട് ഹൈഡ്രജന്‍ ഹീലിയം എന്നീ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും പുറന്തള്ളപ്പെട്ടു.
 
ഭൂമി തണുത്തുറയുന്ന സമയത്ത് പുറപ്പെടുവിച്ച വാതകങ്ങളും നീരാവിയുമാണ് ഇന്നത്തെ രൂപത്തിലുള്ള അന്തരീക്ഷമുണ്ടാകാന്‍ സഹായകമായത്. അഗ്നിപര്‍വ്വതങ്ങളിലൂടെയും വിവിധതരം വാതങ്ങളും നീരാവിയും അന്തരീക്ഷത്തിലേക്കെത്തി. നിരന്തരമായി പെയ്ത മഴയില്‍ ഭൂമി തണുത്തപ്പോള്‍ ഈ നീരാവി തണുത്തുഞ്ഞ് മഴയായി പെയ്തു. അന്തരീക്ഷത്തിലൂണ്ടാകുന്ന കാര്‍ബണ്‍ ഡയോക്സൈഡ് മഴ വെള്ളത്തില്‍ ലയിച്ചുചേരാന്‍ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി കുറയുകയും ചെയ്തു. ഇത് അന്തരീക്ഷത്തിലെ നീരാവി അതിവേഗത്തില്‍ തണുത്ത് മഴയായി പെയ്യാന്‍ സഹായകമായി. ഈ മഴ വെള്ളമാണ് ഭൗമോപരിതലത്തിലെ ഗര്‍ത്തങ്ങളില്‍ നിറഞ്ഞ് സമുദ്രങ്ങള്‍ രൂപപ്പെടാന്‍ കാരണമായത്.

4000 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ സമുദ്രങ്ങള്‍ ഉണ്ടായതെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ആദ്യ ജീവരൂപങ്ങള്‍ രൂപം കൊണ്ടത് സമുദ്രങ്ങളിലാണ്. എല്ലാം ഓക്സിജന്‍ ശ്വസിക്കാത്തവ. പിന്നീട് ഹരിത സസ്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്നതോടെ കാര്‍ബണ്‍ ഡയോക്സൈഡിനെ അന്നജവും ഓക്സിനുമാക്കി മാറ്റുന്ന പ്രക്രിയ ആരംഭിച്ചു. ഭൂമിയുടെ അന്തരീക്ഷ ഘടനയില്‍ മറ്റു ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായ മാറ്റത്തിനു കാരണമായി. ഈ ഭൗമാന്തരീക്ഷമാണ് ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാനം. ജലമണ്ഡലത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമുദ്രങ്ങളാണ്.